തസ്ക്കര ചരിതം

 


ള്ള്യേരിയിലെ സമന്വയ ഓഡിറ്റോറിയത്തിനരികിലായി അടഞ്ഞ് കിടക്കുന്ന  കടകൾക്ക്  തൊട്ടു പുറകിലായി  പൊളിയാറായ പുരയിടം കാണാം...

ഞങ്ങളുടെ ഓർമ്മകൾ മരിക്കാത്ത ആ കൊച്ചുപുരയിടം...

ബാല്യത്തിനു നറുമണം തന്ന ആ പൂങ്കാവനം...

ഞങ്ങളുടെ തറവാട് പരപ്പനങ്ങാടിയിലേക്ക് പറിച്ചു നട്ട പോലെ, ഇന്നവിടെ വല്യുപ്പ നട്ട തണൽ മരങ്ങൾ റോഡ് വികസനത്തില അപ്രത്യക്ഷമായിരിക്കുന്നു.

ഇന്ന് ഉള്ള്യേരിയാകെ മാറിയിരിക്കുന്നു.

ഞങ്ങളും...!

അന്നവിടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന രണ്ട് തണൽ മരങ്ങൾ പുറകിലായി കാണുന്ന കടയായിരുന്നു എന്റെ വല്യുപ്പാന്റെ കട. തൊട്ടപ്പുറത്ത് കോയക്കാന്റെ കട. പുറകിൽ ഞങ്ങളെ തറവാടും.

ഭരണി കുപ്പിയിൽ നിറച്ച തെനാലി , കടല മിഠായി, ജാം, സേമിയ മിഠായി, ച്യുയിംഗം, തുടങ്ങിയ സകലമാന സാധനങ്ങളുണ്ട് ഞമ്മളെ വല്യുപ്പന്റെ കടയിൽ.

ഞാൻ ജാമും വാങ്ങി തൊള്ളയിലിട്ട് കോലയിലെ കസേരയിൽ കാലും നീട്ടിയിരിക്കുന്ന"മിണ്ടാപൂച്ച" പാത്തുനെയും നോക്കി ഒരു വർത്താനമുണ്ട് :

" അനക്ക് തരൂലാ... അനോട് മിണ്ടൂലാ..."

കൂട്ടത്തിലൊരു പാവമായത് കൊണ്ട് അവളെ ഒന്ന് കളിപ്പിക്കൽ ഞങ്ങൾക്കൊരു ഹരമായിരുന്നു. 

"പാവം പാത്തു ... " !

(ഇപ്പോൾ അവളൊക്കെ മാറിയിട്ടുണ്ട് ട്ടോ ... )

" ഇച്ചിയും മുട്ടായി തര്യോ 

( എനിക്കും മിഠായി തരുമോ ?) വല്യുപ്പാന്ന് "

ഞാൻ ചോദിക്കും.

പേരകിടാവായിപ്പോയിലെ... 

തരാതെ നിവർത്തിയില്ലെലോ... 

ജാമും, എക്ലയറും, അൽപ്പോലീപുമാണ്  അന്നത്തെ എന്റെ favourite മിഠായി. അന്ന് ഞങ്ങളെ കൂട്ടത്തിലെ മുറിമൂക്കൻ രാജാവാണ് " മിത്തു " എന്ന മിദ്ലാജ്.

അവനു വല്യൂപ്പാനോട് ചോദിച്ച് ച്യുയിംഗം വാങ്ങി ചവച്ച് ബലൂണുപോലെ വീർപ്പിക്കുമ്പോൾ ,

ഞങ്ങൾക്കും പൂതിയായിരുന്നു ഒരു ച്യുയിംഗമെങ്കിലും കിട്ടാൻ .

എവിടെ...!

ഞങ്ങൾ കുട്ടികളാണെത്രേ...! വായിലിട്ടങ്ങാനും മുണിങ്ങിയാൽ (വിഴുങ്ങിയാൽ) പ്രശ്നമാണത്രെ...!

നിരന്തരമായ 

"കുട്ടി ചെകുത്തന്മാരുടെ " 

മിഠായി വാങ്ങൽ കട പൂട്ടിക്കാനുള്ള ഹേതുവാകുമെന്ന തിരിച്ചറിവിൽ വല്യുപ്പ ഒരു നിബന്ധന വച്ചു. 

"ഇനി മുതൽ പൈസയില്ലാതെയാർക്കും മിഠായി തരില്ല."

ഞങ്ങളാകെ നിരാശയിലായി... 

ഇനി എങ്ങിനെ മിഠായി കിട്ടുമെന്ന് നിരാശയിൽ നിൽക്കുമ്പോഴാണവിടെക്കൊരാൾ വന്നത്.

സാക്ഷാൽ മിത്തു വല്യ CID പോലെ ഞെളിഞ്ഞവൻ പറഞ്ഞു: "ഒരു വഴിയിണ്ട്"...

ഞങ്ങളല്ലാവരും ചെവിടവനിലേക്ക് തിരിച്ചു.

"ആ കാണുന്ന വല്യുപ്പാന്റെ റൂമിലെ തുകൽ പെട്ടിയിലൊരു വെളുത്തകുഞ്ഞ് ബോക്സുണ്ട്,

അതിലാണ് വല്യുമ്മ നാണയ തുട്ടുകളിടാർ. ആരുമില്ലാത്ത സമയത്ത് ഞമ്മൾക്കതിൽ നിന്നും പൈസ എടുക്കാം. "

അങ്ങിനെ ഉമ്മയും അമ്മായിമാരും വല്യുമ്മയുമൊക്കെ അടുക്കള ഭാഗത്താണ്.

അടുക്കള ഭാഗത്തു നിന്നും ആരെങ്കിലും വരുന്നുണ്ടോ ?

എന്നറിയാൻ എന്നെ റൂമിനു തൊട്ടരികിൽ നിറുത്തി. അങ്ങിനെ വിജയകരമായി അഞ്ചാറ് നാണയ തുട്ടുകളെടുത്തു. അങ്ങിനെ മിഷൻ Success. ആ പൈസയുമെടുത്ത് വല്യുപ്പാന്റെ കടയിൽ ഞങ്ങൾ പോയി.

"പൈസ എവിടുന്ന് കിട്ടി "

വല്യുപ്പ ചോദിച്ചു.

" ഉമ്മ തന്നതാ...! "

കള്ള ചിരിയോടെ ഞാൻ പറഞ്ഞു.

വൈകുന്നേരമായപ്പോൾ അന്ന് കിട്ടിയ ചിലറ പൈസ വല്യുമ്മയുടെ കയ്യിൽ വല്യുപ്പ കൊടുത്തു. വല്യുമ്മ ഭദ്രമായി ആ ചില്ലറകൾ പെട്ടിയിലിടുമ്പോൾ , 

കൂട്ടത്തിൽ ഞങ്ങളെടുത്ത ചില്ലറകളവിടെക്ക് തിരികെ വന്നത് ഞങ്ങളെരു 

ചെറു പുഞ്ചിരിയോടെ കണ്ടു നിന്നു .

അതായിരിന്നു ഞങ്ങളെ ആദ്യത്തെതും അവസാനത്തെതുമായ തസ്ക്കര ചരിതം.



0 Comments